ഐതിഹ്യം

    ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന ഒന്നാണ് തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം. കൊല്ലവര്‍ഷം 1092 (1916) ചിങ്ങം 28-ന് ഉത്രാടം നാളിലാണ് ഗുരുദേവന്‍ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നിര്‍വഹിച്ചിട്ടുള്ളത്. ക്ഷേത്രനിര്‍മ്മാണത്തിന്‍റെ പിന്നിലുള്ള പ്രേരകശക്തിയായി വര്‍ത്തിച്ചത് ഗുരുദേവന്‍റെ പ്രമുഖശിഷ്യനായ ബ്രഹ്മശ്രീ ബോധാനന്ദ സ്വാമികളായിരുന്നു.

    ഗുരുദേവന്‍റെ കൂര്‍ക്കഞ്ചേരിയിലെ ഗൃഹസ്ഥശിഷ്യരടക്കം ഏതാനും പേര്‍ ഗുരുദേവനെ നേരില്‍ ചെന്നു കണ്ടു ഒരു ക്ഷേത്രം വേണമെന്ന തങ്ങളുടെ ഇംഗിതം അറിയിച്ചു അപേക്ഷിച്ചതനുസരിച്ച് ഗുരുദേവന്‍ കൂര്‍ക്കഞ്ചേരിക്ക് എഴുന്നള്ളി സ്ഥലം പരിശോചിച്ചു ക്ഷേത്രത്തിനുള്ള സ്ഥാനം നിര്‍ണ്ണയിച്ചു കൊടുക്കുകയാണുണ്ടായത്. തൃക്കൈകൊണ്ടു തന്നെ ക്ഷേത്രത്തിന്‍റെ അളവോടുകൂടിയ ഒരു രേഖാചിത്രം വരച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അന്നത്തെ ക്ഷേത്രനിര്‍മ്മാണകമ്മറ്റി, തച്ചുശാസ്ത്രവിദഗ്ദനും ഇന്നാട്ടുകാരനും ആയ ഒരു നമ്പൂതിരിയെ സമീപിക്കുകയും, അദ്ദേഹം ഗുരുദേവന്‍ നല്‍കിയ അളവുകള്‍ മാറ്റി, ക്ഷേത്രത്തിന്‍റെ വലുപ്പം കുറച്ച്, പുതിയൊരു പ്ളാന്‍ വരച്ചു കൊടുക്കുകയും ചെയ്തു. അതനുസരിച്ചാണ് ക്ഷേത്രം പണി കഴിച്ചത്. പ്രതിഷ്ഠയ്ക്ക് വന്ന ഗുരുദേവന്‍ തന്‍റെ പ്ലാനില്‍ മാറ്റം വരുത്തിയതില്‍ അതൃപ്തനായി പര്‍ണ്ണശാലയില്‍ കടന്ന് വാതിലടച്ചിരുന്നു. മാപ്പപേക്ഷിച്ചുചെന്ന ഭക്തര്‍ പര്‍ണ്ണശാലയിലെന്നല്ല, എവിടെയും ഗുരുദേവനെ കണ്ടില്ല. ഗുരുദേവന്‍റെ ഗൃഹസ്ഥശിഷ്യരിലൊരാള്‍ ഉള്‍വിളികൊണ്ടെന്നവണ്ണം റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിച്ചെല്ലുകയും ഏകനായിരിക്കുന്ന ഗുരുദേവനെ കണ്ടെത്തി കാല്‍ക്കല്‍ വീണു തങ്ങളെ രക്ഷിക്കണമെന്നു കേണപേക്ഷിക്കുകയും ചെയ്തു. കരുണാനിധിയായ ഗുരുദേവന്‍ മനസലിഞ്ഞു തിരിച്ചു വന്നു പ്രതിഷ്ഠ നിര്‍വഹിക്കുകയാണുണ്ടായത്. ഈ ക്ഷേത്രം അഭിവൃദ്ധിപ്പെടും എന്ന് പറഞ്ഞിരുന്നു ഗുരുദേവന്‍, അന്ന് അനുഗ്രഹിച്ചതുപോലെ ക്ഷേത്രം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെട്ടു വന്നു.

    ശ്രീമാഹേശ്വരക്ഷേത്ര മത്തില്‍ക്കെട്ടിലെ വടക്കുഭാഗത്തുള്ള പ്ലാവിന്‍ ചുവട്ടില്‍ വെച്ചാണ് 1928 ജനുവരി 9-ന് ഗുരുദേവന്‍ ശിവഗിരി ആസ്ഥാനമായുള്ള ധര്‍മ്മസംഘം രൂപീകരിച്ചത്. ആ പ്ലാവടക്കമുള്ള സ്ഥലത്താണ് ഇപ്പോള്‍ ഗുരുദേവ പര്‍ണ്ണശാല സ്ഥിതി ചെയ്തുന്നത്. പഴയ പര്‍ണ്ണശാലയുടെ സ്ഥാനത്ത് പുതിയ പര്‍ണ്ണശാല മനോഹരമായി നിര്‍മ്മിച്ചു സമര്‍പ്പണം നടത്തി. 15 ലക്ഷം രൂപയോളം ചെലവുചെയ്താണ് പണിതീര്‍ത്തത്. സുമ കെ.എന്‍. എന്ന ഗുരുദേവ ഭക്തയാണ് ആയതിന്‍റെ മുഖ്യ സ്പോണ്‍സര്‍ ആയി യോഗത്തെ പ്രസ്തുത പണികള്‍ക്ക് സഹായിച്ചത്. ഇതൊരു പുണ്യസ്ഥലമായി ഗുരുദേവഭക്തര്‍ കരുതുന്നു. വിവാഹങ്ങള്‍ വരെ അവിടെ വെച്ചു നടന്നുവരുന്നു.

    ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീമാഹേശ്വരനാണ്. ഭക്തജനങ്ങളുടെ ഇഷ്ടദേവീദേവന്‍മാരായ ശ്രീപാര്‍വ്വതി, വിഘ്നേശ്വരന്‍, സുബ്രഹ്മണ്യന്‍, വേണുഗോപാലന്‍, ശ്രീ അയ്യപ്പന്‍, ഭഗവതി എന്നീ ഉപദേവീദേവന്മാരുടെ പ്രതിഷ്ഠകളും, സര്‍പ്പക്കാവും, നവഗ്രഹപ്രതിഷ്ഠയും ഈ ക്ഷേത്രത്തിന്‍റെ മാഹാത്മ്യത്തിന് മാറ്റു കൂട്ടുന്നു.

    ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ആ കാലഘട്ടത്തില്‍ നിന്ന് ക്ഷേത്രത്തില്‍ ഇപ്പോള്‍ വലിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. 3 ലക്ഷത്തോളം രൂപ ചെലവാക്കി ശ്രീകോവില്‍ ഉയര്‍ത്തിപണിയുകയും കരിങ്കല്ലില്‍ സോപാനം നിര്‍മ്മിക്കുകയും താഴികകുടം സ്വര്‍ണ്ണം പൂശുകയും ചെയ്തു കഴിഞ്ഞു. അതിനു ശേഷം ഈ ക്ഷേത്രം ഒരു മഹാക്ഷേത്രമാക്കുന്നതിന്‍റെ ഭാഗമായി 50 ലക്ഷത്തോളം ചെലവുവരുന്ന ചുറ്റമ്പലം, നടപ്പുര എന്നിവ തച്ചു ശാസ്ത്ര വിധി പ്രകാരം വലുതാക്കി പണിയുന്നതിന് യോഗം തീരുമാനിക്കുകയും ആയതിന്‍റെ പണികള്‍ പൂര്‍ത്തികരിക്കുകയും ചെയ്തു. ചുറ്റമ്പലതിനകത്ത് കൃഷ്ണശില വിരിച്ചു കഴിഞ്ഞു. ഇറയം മുതലായ സ്ഥലങ്ങളിലും, നമസ്കാര മണ്ഡപത്തിലും ഗ്രാനൈറ്റ് വിരിച്ചു. ചെമ്പോലപൊതിഞ്ഞ കൊടിമരത്തിന്‍റെ പണിയും പൂര്‍ത്തീകരിച്ചു.

    ശ്രീനാരായണ ഗുരുദേവമണ്ഡപം, ശ്രീ ബോധാനന്ദസ്വാമി മണ്ഡപം എന്നിവയും ക്ഷേത്രവളപ്പില്‍ നിലകൊള്ളുന്നു. വിവാഹങ്ങളും മറ്റു പരിപാടികളും നടത്തുവാന്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ അഞ്ചു ശ്രീനാരായണ ഹാളുകളും ക്ഷേത്രമതില്‍കെട്ടിനകത്തുണ്ട്. ഇവയുടെയെല്ലാം ഭരണച്ചുമതല നിര്‍വ്വഹിക്കുന്ന ശ്രീനാരായണ ഭക്തിപരിപാലനയോഗത്തിന്‍റെ കീഴില്‍ പ്രത്യേക കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ലൈബ്രറി & റീഡിംഗ് റൂം പുസ്തകത്തിന്‍റെ എണ്ണത്തിന്‍റെ കാര്യത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നു. ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് അനുചിതമായി പ്ലസ് ടൂ മുതല്‍ ബിരുദ- ബിരുദാനന്തര കോഴ്സുകള്‍ കമ്പ്യൂട്ടര്‍ ക്ലാസുകള്‍ മുതലായവ നടത്തുന്ന ശ്രീനാരായണ കോളേജ് ശ്രീനാരായണ ഭക്തപരിപാലനയോഗം ട്രസ്റ്റിന്‍റെ കീഴില്‍ ക്ഷേത്രമതില്‍ കെട്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ യോഗത്തിന്‍റെ ഉടമസ്ഥതയില്‍ തന്നെയുള്ള ശ്രീബോധാനന്ദ ഷോപ്പിങ് കോംപ്ലക്സ് ക്ഷേത്രമതില്‍ക്കെട്ടിന് തൊട്ടുവെളിയിലായും സ്ഥിതിചെയ്യുന്നുണ്ട്.

    മകരമാസത്തിലെ പൂയ്യം നാളില്‍ ആഘോഷിക്കുന്ന തൈപ്പൂയ്യമഹോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. വിദേശ ടൂറിസ്റ്റുകള്‍ സന്ദര്‍ശകരായി എത്തുന്ന പ്രസിദ്ധമായ തൈപ്പൂയ്യമഹോത്സവം കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഫെസ്റ്റീവ് കേരള എന്ന പ്രസിദ്ധീകരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഈ മഹോത്സവത്തില്‍ മുമ്മൂന്നു ഗജവീരന്മാരോടു കൂടിയ മൂന്നുദേശക്കാരുടെ പൂരമെഴുന്നള്ളിപ്പും ഏഴില്‍പ്പരം കാവടി സമാജക്കാരുടെ നിറപ്പകിട്ടാര്‍ന്ന കാവടിയാട്ടവും തൈപ്പൂയ്യമഹോത്സവത്തിനു മോടി കൂട്ടുന്നു. കാവടിയാട്ടത്തിനു പ്രസിദ്ധിയാര്‍ജ്ജിച്ച കൂര്‍ക്കഞ്ചേരി പൂയത്തിനു സംസ്ഥാനത്തിന്‍റെ നാനാഭാഗത്തിന്നും പൂയ പ്രേമികള്‍ പങ്കെടുക്കാറുണ്ട്. പൂയ്യത്തോടനുബന്ധിച്ചു അഞ്ചു ദിവസങ്ങളിലായി കലാപരിപാടികളുണ്ടായിരിക്കും.

    വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്ന ശിവരാത്രിയാണ് ക്ഷേത്രത്തിലെ മറ്റൊരുത്സവം. പ്രത്യേക പൂജകളോടെ ആഘോഷിക്കുന്ന ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് നടത്തുന്ന സാഹിത്യമത്സരങ്ങളില്‍ തൃശ്ശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. സാഹിത്യമത്സരങ്ങളിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി ആദരിക്കാറുണ്ട്. ജയന്തിദിനത്തില്‍ നടത്തുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ക്കും, യൂണിഫോറവും നല്‍കിവരുന്നു. ശ്രീനാരായണ ഗുരുദേവന്‍റെ മഹാസമാധി ദിനാചരണം ഏറ്റവും വിപുലമായ രീതിയില്‍ നടത്തുന്നത് എസ്.എന്‍.ബി.പി. യോഗത്തിന്‍റെ അഭിമുഖ്യത്തിലാണ്. നാനാജാതിമതസ്ഥരായ ഇരുപതിനായിരത്തില്‍പരം ആളുകള്‍ പങ്കെടുക്കുന്ന സമൂഹസദ്യയാണ് ശ്രീനാരായണ ഗുരുദേവ സമാധിദിനത്തില്‍ സംഘടിപ്പിക്കുന്നത്. ഇതിനുവേണ്ടി ഓരോ വര്‍ഷത്തിലും ലക്ഷകണക്കിന് രൂപയാണ് ചിലവാക്കുന്നത്. എസ്.എന്‍.ബി.പി. യോഗം എല്ലാ മാസവും ചതയദിനം പ്രത്യേക പ്രഭാഷണങ്ങളോടെ സമുചിതമായി ആചരിച്ചു വരുന്നുണ്ട്. നവരാത്രിയോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും പുസ്തകങ്ങളുടെ പൂജവെയ്പ്പും കുട്ടികളെ എഴുത്തിനിരുത്തലും ക്ഷേത്രത്തില്‍ നടന്നു വരുന്നു. നിത്യവും പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിന് ഇവിടെ സൌകര്യം ഒരുക്കിയിട്ടുണ്ട്. കര്‍ക്കിടകമാസത്തിലെ അമാവാസിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ 6000 ത്തില്‍ പരം ഭക്തര്‍ ബലിതര്‍പ്പണം നടത്താറുണ്ട്. വിനായകചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ച് 3 ദിവസങ്ങളിലായി പ്രത്യേക പൂജകള്‍ നടത്തി വരാറുണ്ട്. അന്നേദിവസം ഏകദേശം 2000 ഭക്തജനങ്ങള്‍ അപ്പവും അഷ്ടദ്രവ്യവും പ്രസാദമായി നല്‍കി വരാറുണ്ട്.

    ആയില്യപൂജ, സ്കന്ദഷഷ്ഠി, അഷ്ടമിരോഹിണി എന്നിവയും വളരെ നല്ല രീതിയില്‍ ക്ഷേത്രത്തില്‍ നടത്തി വരുന്നു. ആയില്യപൂജ എല്ലാ മാസവും ആയില്യം നക്ഷത്രത്തില്‍ നടത്തുന്നു.

    എസ്.എന്‍.ബി.പി. യോഗത്തിന്‍റെ സഹകരണത്തോടെ അയ്യപ്പസേവാസംഘം നടത്തി വരാറുള്ള ശ്രീമാഹേശ്വര ക്ഷേത്രത്തിലെ ദേശവിളക്ക് വളരെ പ്രസിദ്ധമാണ്. ദേശവിളക്കിനോടനുബന്ധിച്ച് 11 ദിവസങ്ങളിലായി കര്‍പ്പൂരാരാധന, ദീപക്കാഴ്ച എന്നിവയോടുകൂടിയ എഴുന്നള്ളിപ്പ് ഏറെ ആകര്‍ഷകമാണ്.

    ഏറ്റവും കൂടുതല്‍ മിശ്രവിവാഹങ്ങള്‍ നടന്നു വരുന്നത് ശ്രീമാഹേശ്വര ക്ഷേത്രത്തിലാണ്. ഈ വിവാഹത്തില്‍നിന്നും കിട്ടുന്ന ധനം പാവപ്പെട്ടവരുടെ ക്ഷേമത്തിനായിട്ടാണ് യോഗം ഉപയോഗിക്കുന്നത്. ചികിത്സ ധനസഹായമായും, പഠന സഹായമായും, പുരകെട്ടിമേയുന്നതിനും വലിയൊരു സംഖ്യ വര്‍ഷത്തില്‍ യോഗം ചിലവു ചെയ്തുകൊണ്ടിരിക്കുന്നു. പാവപ്പെട്ട ശ്രീനാരായണീയരുടെ ഉന്നമനത്തിനായി ഗുരുദേവന്‍റെ ദര്‍ശനങ്ങള്‍ ഉള്‍കൊണ്ടു പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില സംഘടനയില്‍പ്പെട്ടതാണ് എസ്.എന്‍.ബി.പി. യോഗം.

    ഗുരുദര്‍ശനങ്ങള്‍ എല്ലാ ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് വിവിധ പരിപാടികള്‍ യോഗം ആവിഷ്ക്കരിച്ചു നടപ്പാക്കിവരുന്നു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആത്മോപദേശശതക യജ്ഞവും എല്ലാ മാസത്തിലും ചതയ ദിനത്തില്‍ നടന്നു വരുന്ന ചതയദിനപൂജയും ധാരാളം ശ്രീനാരായണ ഭക്തരെ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്നതിന് സഹായകമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതുപോലെതന്നെ ശ്രീനാരായണ പ്രസ്ഥാങ്ങളുമായി കൈകോര്‍ത്ത് പിടിച്ചുകൊണ്ട് വിവിധ പരിപാടികള്‍ യോഗം നടത്തി വരുന്നു. പാവപ്പെട്ട നിര്‍ധനരായ യോഗം മെമ്പര്‍മാരുടെ പെണ്‍മക്കളുടെ വിവാഹം, യോഗം നടത്തികൊടുക്കുന്നുണ്ട്. യോഗത്തിനോടു സഹകരിച്ചു നിര്‍ലോപമായ സഹായസഹകരണങ്ങള്‍ ഇത്തരം കാര്യങ്ങള്‍ നേരിട്ടു തരുന്ന നിരവധി ശ്രീനാരായണ ഭക്തര്‍ യോഗത്തിന് ഇപ്പോള്‍ ഉണ്ട്. ക്ഷേത്രത്തില്‍ ദിനംപ്രതി 100 പേര്‍ക്ക് അന്നദാനം നടത്തുന്നുണ്ട്. ക്ഷേത്രമതില്‍കെട്ടിനകത്ത് കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന ശ്രീബോധാനന്ദസ്വാമി ശാന്തി മഠം ഏകദേശം 3000 സ്ക്വയര്‍ ഫീറ്റ് വീസ്തീര്‍ണത്തില്‍ 10 ലക്ഷം രൂപ മുടക്കി പണികഴിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന സന്യാസിമാര്‍ക്ക് താമസിക്കാന്‍ ഒരു ഗസ്റ്റ് റൂം അതില്‍ ഒരുക്കിയിട്ടുണ്ട്.

    ക്ഷേത്രത്തിന്‍റെയും അനുബന്ധസ്ഥാപനങ്ങളുടെയും ഭരണകര്‍ത്തവ്യം നിര്‍വ്വഹിക്കുന്ന ശ്രീനാരായണ ഭക്തപരിപാലനയോഗം (എസ്.എന്‍.ബി.പി. യോഗം) കൊല്ലവര്‍ഷം 1088 (1913-ല്‍) ബ്രഹ്മശ്രീ ബോധാനന്ദസ്വാമികളാണ് രൂപീകരിച്ചത്. 18000ത്തില്‍ പരം അംഗങ്ങളാണ് ഇപ്പോള്‍ യോഗത്തിലുള്ളത്. അഞ്ചു കൊല്ലത്തിലൊരിക്കല്‍ യോഗം അംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് ക്ഷേത്രത്തിന്‍റെയും മറ്റും ഭരണസാരഥ്യം വഹിക്കുന്നത്. ക്ഷേത്ര വികസനത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള കര്‍മ്മപരിപാടികളാണ് ഇപ്പോഴത്തെ ഭരണസമിതി ആസൂത്രണം ചെയ്തിട്ടുള്ളത്.

    തൈപ്പൂയം കഴിഞ്ഞാല്‍ ദേവന്‍റെ ആറാട്ടുനടത്തുന്നതിനായുള്ള ക്ഷേത്രകുളം പണിതീര്‍ത്തു. ഇതിനു പുറമെ ക്ഷേത്രത്തിന്‍റെ തെക്കുവശത്തായി ശ്രീനാരായണ ലൈബ്രറിയുടെ പുതിയകെട്ടിടവും മേല്‍ശാന്തി ടി.എസ്. ചന്ദ്രശേഖരന്‍ ശാന്തി സ്മാരക ഷോപ്പിങ് കോംപ്ലെക്സും പണിതീര്‍ത്തു സമര്‍പ്പിക്കുകയും ചെയ്തു. അതുപോലെ തന്നെ നിലവിലുള്ള കല്യാണമണ്ഡപങ്ങള്‍ വലിയ വിവാഹങ്ങള്‍ക്കായി സ്ഥലസൌകര്യം പോര എന്നു തോന്നുന്നത് കൊണ്ട് ഒരു വലിയ വിവാഹമണ്ഡപം പണിയുക എന്ന ലക്ഷ്യവും ഇപ്പോഴത്തെ ഭരണകര്‍ത്താക്കള്‍ക്കുണ്ട്.

    തൃശ്ശൂരിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളോടൊപ്പം തലയുയര്‍ത്തി നില്‍ക്കുന്ന ശ്രീമാഹേശ്വര ക്ഷേത്രത്തിന്‍റെ വരവ്- ചിലവ് കണക്കുകളും മറ്റും കമ്പ്യൂട്ടര്‍വല്‍ക്കരിക്കണമെന്ന യോഗത്തിന്‍റെ ആഗ്രഹം സഫലീകരിച്ചു കഴിഞ്ഞു. ക്ഷേത്രത്തിന്‍റെ വിശദമായ വിവരങ്ങള്‍ പുറം ലോകക്കാര്‍ക്ക് അറിയാവുന്ന വിധത്തില്‍ കമ്പ്യൂട്ടറില്‍ ക്രമീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

    ഇതിനെല്ലാം ഗുരുദേവഭക്തരുടെ നിര്‍ലോപമായ സഹായ സഹകരണങ്ങളാണ് ഭരണസമിതിക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കുന്നത്. ഗുരുദേവന്‍റെ കൃപ ഒന്നു കൊണ്ടു മാത്രമാണ് യോഗത്തിന് ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടത്തി കൊണ്ടു പോകുന്നതിന് ഇതുവരെ സഹായകമായിട്ടുള്ളത് എന്ന വിശ്വാസത്താലും ഗുരുദേവാനുഗ്രഹത്താല്‍ ഇനി ബാക്കിയുള്ള കാര്യപരിപാടികളും വന്‍ വിജയമാകുമെന്ന ഉറച്ച പ്രതീക്ഷയോടെ എല്ലാവരുടെയും ആത്മാര്‍ത്ഥതയും സഹകരണവും പ്രോത്സാഹനവും ഉണ്ടാകണമെന്ന അഭ്യര്‍ത്ഥനയോടെ.

 • എസ്.എന്‍.ബി.പി. യോഗം ഭരണസമിതി:
 • സര്‍വ്വശ്രീ: തോപ്പില്‍ പീതാംബരന്‍ (പ്രസിഡന്‍റ്)
 • സി.എസ്. മംഗള്‍ദാസ് (വൈസ് പ്രസിഡന്‍റ്)
 • പി. കെ. ബാബു (സെക്രട്ടറി)
 • പി.എസ്. ഉന്മേഷ് (അസി. സെക്രട്ടറി)
 • കെ.കെ. പ്രകാശന്‍ (ട്രഷറര്‍)
 • എം.കെ. സൂര്യപ്രകാശ്
 • പി.വി. ഗോപി
 • ഡോ.ടി.കെ. വിജയരാഘവന്‍
 • ബാബു കോട്ടിയാട്ടില്‍
 • ആനന്ദപ്രസാദ് തേറയില്‍
 • കെ.വി. ജിനേഷ്
 • ജയന്‍ കൂനമ്പാടന്‍
 • പി.കെ. സുനില്‍കുമാര്‍