ശ്രീനാരായണ ഗുരുദേവന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന ഒന്നാണ് തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം. കൊല്ലവര്‍ഷം 1092 (1916) ചിങ്ങം 28-ന് ഉത്രാടം നാളിലാണ് ഗുരുദേവന് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നിര്‍വഹിച്ചിട്ടുള്ളത്. ക്ഷേത്രനിര്‍മ്മാണത്തിന്റെ പിന്നിലുള്ള പ്രേരകശക്തിയായി വര്‍ത്തിച്ചത് ഗുരുദേവന്റെ പ്രമുഖശിഷ്യനായ ബ്രഹ്മശ്രീ ബോധാനന്ദ സ്വാമികളായിരുന്നു.
ഗുരുദേവന്റെ കൂര്‍ക്കഞ്ചേരിയിലെ ഗൃഹസ്ഥശിഷ്യരടക്കം ഏതാനും പേര് ഗുരുദേവനെ നേരില്‍ ചെന്നു കണ്ടു ഒരു ക്ഷേത്രം വേണമെന്ന തങ്ങളുടെ ഇംഗിതം അറിയിച്ചു അപേക്ഷിച്ചതനുസരിച്ച് ഗുരുദേവന് കൂര്‍ക്കഞ്ചേരിക്ക് എഴുന്നള്ളി സ്ഥലം പരിശോചിച്ചു ക്ഷേത്രത്തിനുള്ള സ്ഥാനം നിര്‍ണ്ണയിച്ചു കൊടുക്കുകയാണുണ്ടായത്. തൃക്കൈകൊണ്ടു തന്നെ ക്ഷേത്രത്തിന്റെ അളവോടുകൂടിയ ഒരു രേഖാചിത്രം വരച്ചുകൊടുക്കുകയും ചെയ്തു.